Wednesday, August 10, 2016

താടകാശാപം

രാമനിരിക്കുന്നു സ്വർഗ്ഗത്തിൽ
ദു:ഖം കനക്കും മനസ്സുമായി
ഓർക്കുന്നു തൻ ജീവിതമത്രയും
ദു:ഖം പകർന്നൊരാ സുന്ദരിയെ

മാമുനി തന്നുടെ യാഗരക്ഷാർത്ഥം
ആയുധമാദ്യമായ് ഏന്തിയപ്പോൾ
ഓർത്തതില്ല തൻ ജീവിതമത്രയും
ദു:ഖത്തിൻ നിഴൽ വീഴുമെന്ന്

കാനന മധ്യത്തിലെത്തിയ നേരമാ
ഞാണൊലിയൊന്ന് ഉയർത്തിയപ്പോൾ
അട്ടഹാസത്തോടെ ഓടിയടുത്തൊരാ
കാട്ടാളകൂട്ടത്തെ കൊന്നൊടുക്കി
സുന്ദരി നീമാത്രം നിരായുധയെങ്കിലും
വിറയാർന്ന കൈകളാൽ തൊടുത്തൊരമ്പ്
മാറുപിളർത്തി നിൻ ജീവനെടുക്കുമ്പോൾ
“രാമാ.. നിന്നെ.. ഞാൻ..” എന്നല്ലാതെ
മറ്റൊന്നും പറയാൻ നിനക്കായതില്ല.

മന്ദരായ് വന്ന് കൈകേയിയമ്മതൻ
മാനസമത്രയും ദുഷിപ്പിച്ചതും
കാട്ടിലയച്ചപ്പോൾ കേട്ടു നിൻ ചിരി
പിന്നിൽ നിഴലയ് മറഞ്ഞുനിന്ന്

കാനനവാസത്തിൽ രാവണനായ് വന്ന്
സീതയെ അപഹരിച്ചകറ്റിയപ്പോൾ
വിരഹത്താൽ നീറുമെൻ കൂടെ നടന്ന്
അട്ടഹസിച്ചതറിയുന്നു ഞാൻ

രാവണവധംചെയ്ത് സീതസമേതനായ്
അയോദ്ധ്യയിലാമോധമായ് വാണകാലം
സീതാപരിത്യഗത്തിൻ കാരണഹേതുവാം
പ്രജയായ് വന്നതും നീ തന്നെയോ

അശ്വമേധാനന്തരം പുത്രസമേതയാം
സീതയെ സ്വീകരിച്ചെനാകിലും
ധരണി പിളർത്തി സീതയെ മറച്ചൊരാ
നേരെമെൻ ചെവിയിൽ നിൻ ചിരി മുഴങ്ങി

സ്വർഗ്ഗാരോഹണം കഴിഞ്ഞൊരു വേളയിൽ
എല്ലാം കഴിഞ്ഞെന്നാശിച്ചു ഞാൻ
രാമന്റെ പേരിൽ കലഹിക്കും പ്രജകളിൽ നീ
ഇന്നും ജീവിക്കുന്നുവോ താടകേ

എനിക്കിനി വേണ്ടൊരു രാമരാജ്യം
എനിക്കിനി വേണ്ട ക്ഷേത്രങ്ങളും
ആകെയുള്ളോരപേക്ഷമാത്രം
വീണ്ടുമൊരിക്കലീ ഭൂമി പിളരുവാൻ
നീ കാരണമാകല്ലേ.. താടകേ..നീ കാരണമാകല്ലേ..

1994 ൽ എഴുതിയ കവിത... അന്ന് വായിച്ച ഒരു കഥയാണ്‌ ഇതെഴുതാൻ പ്രചോദനമായത്...