Saturday, September 19, 2009

സ്വാമി

രാവിലെ അമ്പലത്തിലേക്ക്‌ പൂജക്കുള്ള പുഷ്പങ്ങള്‍ എത്തിച്ചിരുന്നത്‌ അയാളാണ്‌.ഒരു വരുമാനമാര്‍ഗ്ഗം എന്നതിലുപരി ഭഗവല്‍ സേവനമായി കരുതിയാണതെല്ലാം നിര്‍വ്വഹിച്ചിരുന്നത്‌.പതുക്കെ പതുക്കെ ക്ഷേത്രത്തില്‍ തന്നെയായി അയാളുടെ കിടപ്പ്‌.അയാള്‍ ആരാണെന്നൊ,എവിടെ നിന്നു വന്നു എന്നോ ആര്‍ക്കും അറിയില്ല എങ്കിലും അയാളെ എല്ലാവരും ഇഷ്ടപ്പെട്ടു തുടങ്ങി.
ആദ്യമൊന്നും അയാളെ ആരും ഗൌനിച്ചിരുന്നില്ല. എങ്കിലും അയാള്‍ ഭക്തര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തു. എല്ലാം കഴിഞ്ഞു പോകാന്‍ നേരം ആളുകള്‍ അയാളെ വിളിക്കും
"ഡോ...ഇങ്ങട്‌ വരൂ..." ഭവ്യതയോടെ വരുന്ന അയാള്‍ക്കുനേരെ ചെറു ചിരിയോടെ നാണയതുട്ടു നല്‍കി അവര്‍ നടന്നകലും.
ഭക്തരുടെ വിഷമങ്ങള്‍ മനസിലാക്കി,അവരെ ആശ്വസിപ്പിച്ചും തനിക്കു തോനിയ പരിഹാരങ്ങള്‍ പറഞ്ഞുകൊടുത്തും അയാള്‍ ഭക്തജനങ്ങളുടെ പ്രീയപ്പെട്ടവനായി.ക്ഷേത്രത്തില്‍ ഭക്തരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വന്നു.
ഭക്തജനങ്ങള്‍ വന്ന് ക്ഷേത്രം ശാന്തിയോട്‌ ചോദിച്ചു
"സ്വാമിയെവിടെ... ?"
അത്ഭുതത്തോടെ ശാന്തി ചോദിച്ചു "സ്വാമിയോ..ഏതു സ്വാമി.. ?"
"ഇവിടെ ഉണ്ടാകാറില്ലേ ഒരു സ്വാമി അദ്ദ്യേഹത്തെ കാണാനായ ഞങ്ങള്‍ വന്നത്‌.. "
ആളുകള്‍ക്കുവന്ന മാറ്റം കണ്ട്‌ ശാന്തിക്ക്‌ ചിരിയാണ്‌ വന്നത്‌.
"ദാ തിടപ്പള്ളീടേ പിറകില്‌ പാത്രം കഴുകുന്നുണ്ട്‌.. "അവര്‍ അവിടേക്ക്‌ നടന്നു..
"സ്വാമീ...അങ്ങ്‌ ഞങ്ങളെ രക്ഷിച്ചു..." എന്ന് പറഞ്ഞ്‌ അവര്‍ അയാളുടെ കാല്‍ക്കല്‍ നമസകരിച്ചു. ഒന്നും മനസിലാകാതെ അയാള്‍ ചോദിച്ചു
"എന്താ ഈ കാട്ട്ണേ...എഴുന്നേല്‍ക്കൂ ..എവ്ടാകെ അഴുക്കാ... "
"സ്വാമീ അങ്ങ്‌ പറഞ്ഞതു പോലെ ചെയത്തതിനാല്‍ ഞങ്ങടെ പ്രശനങ്ങളെല്ലം തീര്‍ന്നു... "
ഇതു കേട്ടപ്പോഴാണ്‌ അയാള്‍ക്ക്‌ കാര്യം മനസിലായത്‌..
"എല്ലാം ഭഗവല്‍ പ്രസാദം...ഭഗവാനെ നന്നായി പ്രാത്ഥിക്കൂ എല്ലാം നന്നായ്‌ വരും.. "
തിരികേ പോകാന്‍ നേരം അവര്‍ ഒരു കെട്ട്‌ നോട്ടുകള്‍ അയാളുടെ കാല്‍ക്കല്‍ വച്ചു..
"എന്താ ഇത്‌ ഇത്‌ ഭഗവാണ്റ്റെ നടയില്‍ വെക്കൂ... "
"സ്വാമീ ഇത്‌ ഞങ്ങള്‍ അങ്ങേക്കായി കൊണ്ടു വന്നതാ...ഇതു സ്വീകരിച്ച്‌ ഞങ്ങളെ അനുഗ്രഹിക്കണം.." എന്ന് പറഞ്ഞ്‌ നമസകരിച്ച്‌ അവര്‍ നടന്നകന്നു.
അയാള്‍ ആ നോട്ടു കെട്ടുകള്‍ ഭഗവാണ്റ്റെ നടയില്‍ സമര്‍പ്പിച്ചു.
സ്വാമിയുടെ ഭക്ത ജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു തുടങ്ങിയപ്പോള്‍ ക്ഷേത്രകമ്മറ്റി സ്വാമിക്ക്‌ ഇരിക്കാനായ്‌ പര്‍ണ്ണ്‍ശാല പണികഴിപ്പിച്ചു. ദര്‍ശന സമയം നിശ്ചയിച്ചു,അനുഗ്രഹലഭ്ധിക്കായ്‌ ദക്ഷിണയും നിശ്ച്ചയിച്ചു.
അയാള്‍ക്കിതൊന്നും ഇഷ്ടമായില്ലെങ്കിലും,തനിക്ക്‌ അഭയം തന്നവര്‍ പറയുമ്പോള്‍ എതിര്‍ക്കാന്‍ അയാള്‍ക്കായില്ല.അയാളറിയാതെ അയാളുടെ നിയന്ത്രണം മറ്റാരെല്ലാമോ ഏറ്റെടുത്തു. അയാളുടെ ശിഷ്യന്‍മാര്‍ നാടെങ്ങും ആശ്രമങ്ങള്‍ സ്താപിച്ചു.അവിടെയും ഭക്തജനങ്ങള്‍ നിറഞ്ഞു.എന്താണ്‌ നടക്കുന്നത്‌ എന്നറിയാതെ ,പ്രതികരിക്കാനാകതെ അയാള്‍ ചിരിക്കുന്ന മുഖവുമായി ഭക്തര്‍ക്ക്‌ ദര്‍ശനം നല്‍കികൊണ്ടിരുന്നു.
തന്നെ മുതലെടുക്കുകയാണിവര്‍ എന്ന ചിന്ത അയാളെ അലട്ടി.അവസാനം അയാള്‍ തണ്റ്റെ പേരിലുള്ള ട്രസ്റ്റിണ്റ്റെ പ്രവര്‍ത്തനത്തെ കുറിച്ച്‌ അന്വേഷിച്ചു.
അടുത്ത ദിവസം ദര്‍ശനത്തിനെത്തിയ ഭക്തജനങ്ങള്‍ അറിഞ്ഞത്‌ സ്വാമി സമാധിയായി എന്നാണ്‌.

1 comment: